തിരുവനന്തപുരം: തമിഴ്നാട്, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള അധികവൈദ്യുതി ലഭ്യമായതിനെത്തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവായി.
കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള പവർ കോറിഡോറിൽ നിയന്ത്രണം ഇല്ലാത്തതും കെഎസ്ഇബിക്ക് സഹായകമായി. ഏകദേശം 650 മെഗാവാട്ട് വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങിയെത്തിച്ചാണ് നിയന്ത്രണം ഒഴിവാക്കിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴുമുതൽ 12 വരെ വൈദ്യുതി ലഭ്യതയിൽ ശരാശരി 300 മുതൽ 500 മെഗാവാട്ട് വരെയാണ് കുറവുണ്ടായത്.
ശനിയാഴ്ചത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകതയായ 4833 മെഗാവാട്ട് രാത്രി 7.17നു രേഖപ്പെടുത്തി. ഞായറാഴ്ചവൈദ്യുതി ആവശ്യകത 600 മുതൽ 700 മെഗാവാട്ട് വരെ കുറഞ്ഞത് സംസ്ഥാനത്ത് ലഭിച്ച മഴ മൂലം അന്തരീക്ഷ താപനിലയില്‍ കുറവ് വന്നതുകൊണ്ടാണ്. ഇതുമൂലം വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നില്ല.
മൺസൂൺ ശക്തി പ്രാപിക്കാത്തതും അണക്കെട്ടുകളിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞുനിൽക്കുന്നതും ദേശീയതലത്തിലുള്ള വൈദ്യുതി ലഭ്യതയിലുള്ള കുറവും കാരണം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നിലനിൽക്കുകയാണ്.